പത്തനംതിട്ട : സി.യു.സി ജില്ലാ കോര്‍ഡിനേറ്ററും ഡി.സി.സി അംഗവുമായ സലിം പി. ചാക്കോയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ഇന്ന് ഡി.ഡി.സിയില്‍ നടന്ന യോഗത്തില്‍ വെച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസിനെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞ് യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിനാണ് സലിം പി. ചാക്കോയെ സസ്പെന്റ് ചെയ്തതെന്ന് ഡി.സി.സി വ്യക്തമാക്കി.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന സി.യു.സി മൂന്നാം ഘട്ട ശില്പശാലകളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡി.സി. സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ അച്ചടക്കത്തിനും സംഘടനാ മര്യാദകള്‍ക്കും വിരുദ്ധമായ രീതിയില്‍ സലിം പി. ചാക്കോ പ്രവര്‍ത്തിച്ചുവെന്നും കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെയാണ് സസ്പെന്റ് ചെയ്തതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും സ്ഥിരമായി പുറത്താക്കാതിരിക്കുവാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്ന് സസ്പെന്റ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സലിം പി. ചാക്കോയ്ക്കെതിരെ മറ്റ് നിരവധി പരാതികളും ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.