കൊച്ചി : എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും ആയി കുട്ടികൾക്കും രക്ഷിതാക്കളും അധ്യാപകർക്കും പ്രത്യേക ബോധവൽക്കരണം നൽകുന്നതിന് നടപടി സ്വീകരിക്കും. ജൂൺ മുതൽ അതിനുള്ള ക്യാമ്പയിനുകൾ ആരംഭിക്കും. കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അധ്യാപകരെ കൗൺസലിംഗ് നടത്തുന്നതിനു സജ്ജരാക്കും. അതിനായി അവർക്ക് പരിശീലനവും നൽകും. കുട്ടികൾക്ക് കളിച്ചു വളരാൻ അവസരം ഉണ്ടാക്കുകയും അവരുടെ അഭിരുചികൾ വളർത്തിയെടുക്കാൻ സാധിക്കുകയും വേണം. രക്ഷിതാക്കൾക്കും അധ്യാപകർക്കും ലഹരിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകും. ഒരു സ്കൂളിൽ ഒരു അധ്യാപകന് വീതം കൗൺസിലിംഗിൽ പരിശീലനം നൽകും
മയക്ക്മരുന്നിന് അടിമയായ കുട്ടി ചികിത്സ കഴിഞ്ഞു വന്നാൽ അവരെ സ്കൂളുകളും രക്ഷിതാക്കളും സമൂഹവും ചേർത്ത് പിടിക്കേണ്ടത് ആവശ്യമാണ്. മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികളിൽ ചിലർക്ക് ഭ്രാന്തമായ അവസ്ഥകൾ നേരിടേണ്ടി വരുന്നു. അത്തരം ഒരു സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രം തുടങ്ങാൻ നടപടിയെടുക്കും. കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വളർത്താൻ സ്കൂളുകളിലും വാർഡ് തലത്തിലും കളിയിടങ്ങളും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഐടി പാർക്കുകളുടെ സ്ഥലപരിമിതി പരിഹരിക്കാൻ നടപടികൾ ഉണ്ടാവും. പുതിയ പാർക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും ഹൈവേ ഐ.ടി കോറിഡോർ പദ്ധതി അതിന്റെ ഭാഗമാണെന്നും ഐടി പ്രൊഫഷണൽ കാവ്യ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വലുതും ചെറുതുമായ പ്രോജക്റ്റുകൾ നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ ശ്രമമെന്നും പ്രധാന പ്രോജക്ടുകൾക്ക് തടസ്സം ഇല്ലെന്നും പൊതുവായ സാഹചര്യങ്ങൾക്ക് അനുസൃതമായവ ആണെങ്കിൽ അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമെന്നും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഡോ. എം.പി സുകുമാരൻ നായരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അങ്കണവാടി മേഖലയിലുള്ളവർക്ക് മറ്റു വകുപ്പുകളുടെ ജോലി ഏൽപ്പിക്കുന്നത് ഒഴിവാക്കാൻ തന്നെയാണ് തീരുമാനമെന്നും അംഗൻവാടി പ്രവർത്തകരുടെ ജോലിഭാരം വർധിക്കുന്നതും മറ്റു വകുപ്പുകളുടെ ജോലികൾ അവരെ ഏൽപ്പിക്കുന്നതും സംബന്ധിച്ച് അങ്കണവാടി ടീച്ചർ പി. ജെ രഞ്ചുമോൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയിലെ ജലാശയങ്ങളിൽ എക്കൽ നീക്കുന്നതിന് പ്രത്യേക പരിഗണന നൽകും. മത്സ്യബന്ധന മേഖലയിൽ നിന്നുള്ള ടി.എ ജോയിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നദികളിലെയും കായലുകളിലെയും ജലം സുഗമമായി കടലിലേക്ക് എത്തിച്ചേരുന്നതിന് സാധ്യമായ എല്ലാം നടപടികളും സ്വീകരിക്കണമെന്നാണ് സർക്കാർ തീരുമാനം. അഴിമുഖത്തും പൊഴിമുഖത്തും വെള്ളം തടസ്സരഹിതമായി ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കും. കടലിലേയും കായലുകളിലെയും മറ്റ് അനുബന്ധ ജലാശയങ്ങളിലെയും മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ആ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനം
ചെറുപ്പക്കാർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നത് തടയാൻ സർക്കാരിന് സാധിക്കില്ല. പകരം നൂതനമായ കോഴ്സുകൾ, മികച്ച അക്കാദമിക് നിലവാരം എന്നിവ നമ്മുടെ നാട്ടിൽ ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പോലെ സ്വച്ഛമായ ഇടങ്ങൾ ലോകത്ത് തന്നെ ചുരുക്കമാണ്. അതിനാൽ മികച്ച അക്കാദമിക് നിലവാരം ഇവിടെ ഉറപ്പാക്കാൻ കഴിഞ്ഞാൽ വിദേശത്തുനിന്ന് പോലും വിദ്യാർഥികൾ ഇവിടെയെത്തും. അത്തരത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെൻ്റ്കെയർ മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കളമശ്ശേരിയിലെ ജുഡീഷ്യൽ സിറ്റിയെ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് ആവശ്യമായ നടപടികൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചു പോരുന്നുണ്ട്. ഇനിയും ആവശ്യമായി വരുന്ന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷക പ്രതിനിധി ലക്ഷ്മി നാരായണന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ വിഷയത്തിൽ നല്ല നിലയിലുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ശ്രമം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള പഴയ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കാനുള്ള നടപടികൾ പരിശോധിക്കും. ഭിന്നശേഷി സൗഹൃദ വേദികൾ, ബസുകൾ എന്നിവ കാലക്രമേണ സാധ്യമാകും എന്ന് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗം പ്രതിനിധി രാജീവ് പള്ളുരുത്തിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.