കാസര്‍കോട് : പരപ്പ പാലവളപ്പിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണെന്നു പോലീസ് അറിയിച്ചു. ബളാല്‍ പഞ്ചായത്തിലെ ഇടത്തോട് മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് ചെത്താന്‍ പോയ പ്രദേശവാസിയാണ് അഴുകിയ മൃതദേഹം കണ്ടത്. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പില്‍ തുണികെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം വന്യമൃഗങ്ങള്‍ അക്രമിച്ചതിനാലാകാം തലയോട്ടി വേര്‍പെട്ട നിലയില്‍ അല്‍പ്പം അകലെയായി കാണപ്പെട്ടു. അമ്പലത്തറ നായിക്കയത്ത് നിന്ന് ഒരു മാസം മുമ്പ് കാണാതായ വ്യക്തിയുടേതാകാം മൃതദേഹമെന്നാണ് നിഗമനം. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.