ആലപ്പുഴ : ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ കള്ളക്കളി. പോലീസുകാരൻ ഓടിച്ച കാർ കോവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ പോലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പോലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ് വാദിയെ പ്രതിയാക്കിയത്. കോവിഡ് രോഗിയുമായ പോയ ആംബുലൻസിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറിയത്. അപകടത്തിന് ഉത്തരവാദി കാർ ഡ്രൈവർ തന്നെയാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിക്കുന്നു.
കാർ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവിൽ പോലീസ് ഓഫീസർ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാരേഖയുമുണ്ട്. പക്ഷേ ഇതൊന്നും പോലീസ് അന്വേഷിച്ചില്ല. 108 ആംബുലൻസിലെ ഡ്രൈവറെ മണ്ണഞ്ചേരി പോലീസ് പ്രതിയാക്കി. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന് കാലിന് ഒടിവുണ്ട്. കോവിഡ് രോഗിക്ക് പരിക്കില്ല. കാറോടിച്ച പോലീസുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.