ആലപ്പുഴ : കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞു. ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം. സേവ്യറിന്റെ തിരോധാനത്തിൽ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതായിരുന്നു സേവ്യർ. മറ്റ് ജോലിക്കാർക്ക് ഒപ്പം ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ഒക്ടോബർ 14 ന് രാത്രി മുതലാണ് സേവ്യറിനെ കാണാതായത്. കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയത്.
സേവ്യറിന്‍റെ തിരോധാനത്തിൽ ഒരു സൂചനയും പോലീസിന് കണ്ടെത്താനായിരുന്നില്ല. അതിനിടെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു. സേവ്യറിനെ തട്ടിക്കൊണ്ടുപോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പോലീസ് വാദം. നിർമാണ സൈറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്ന് ചതുപ്പിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.