ഇസ്‍ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ രാജ്യംവിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പാക് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഇവരുടെ അറസ്റ്റുണ്ടായേക്കും. പ്രവിശ്യാസർക്കാരുമായിച്ചേർന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നാഖ്‍വി പറഞ്ഞു. ജനുവരിയിലാണ് അഫ്ഗാൻ പൗരത്വ കാർഡ് (എസിസി) കൈവശമുള്ളവരോട് രാജ്യംവിടാൻ ഭരണകൂടം ഉത്തരവിട്ടത്.
അല്ലെങ്കിൽ നിർബന്ധിത നാടുകടത്തലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിൽനിന്നുള്ള നിയമവിരുദ്ധകുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാംഘട്ടമാണിത്. 2023-ലാണ് ആദ്യഘട്ടമാരംഭിച്ചത്. യുഎൻ അഭയാർഥി സംഘടനയായ യുഎൻഎച്ച്‌സിആറിന്റെ അംഗീകൃത രജിസ്‌ട്രേഷൻ കാർഡുള്ളവർക്കും രാജ്യം വിടാൻ നിർദേശമുണ്ട്. 25 ലക്ഷം അഫ്ഗാൻ പൗരരാണ് പാകിസ്താനിലുള്ളത്. അതിൽ 8.4 ലക്ഷംപേർക്കാണ് എസിസി കാർഡുള്ളത്. 17 ലക്ഷം അഫ്ഗാൻപൗരർ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പാകിസ്താൻ പറയുന്നു.