തൃശ്ശൂര്‍ : കൊവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. ഇക്കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിക്കുന്നത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരനാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഭാര്യയും മക്കളും ഉൾപ്പെടെ അടുത്ത ഏഴ് ബന്ധുക്കൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. ബന്ധുക്കൾ കൊവിഡ് ബാധിതരായതിനാൽ കോരന്റെ മൃതദേഹം ഏറ്റെടുക്കുന്നതിനോ സംസ്കരണ ചടങ്ങ് നടത്തുന്നതിനോ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ പാലക്കാട് ജില്ലാ ഭരണകൂടം രേഖാമൂലം ആവശ്യപ്പെട്ടാൽ തൃശൂരിൽ തന്നെ സംസ്കാരം നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ ആശയവിനിമയം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.