കാട്ടാക്കട : ഹിമാലയം ഉള്‍പ്പെടെ സന്ദര്‍ശനം നടത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരന് നെയ്യാര്വനത്തിലെ മീന്മുട്ടി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് മരിച്ചു. പോത്തന്‍കോട് നേതാജിപുരം പഴിച്ചന്കോട് ഹൃദയകുഞ്ജത്തില്‍ ഹരികുമാറാണ് (48) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നാണ് പോലീസ് നല്കിയ വിവരം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മറ്റ് നാലുപേര്‍ക്കൊപ്പം വനത്തിലെ വെള്ളച്ചാട്ടത്തില്‍ ട്രക്കിങ്ങിന് എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
അപകടസമയം മഴയും വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കും ശക്തമായിരുന്നു. അപകടശേഷം വനപാലകസംഘം മീന്‍മുട്ടിയിലെത്തി. തുടര്‍ന്ന് ജീപ്പിലാണ് മൃതദേഹം കാപ്പുകാട് എത്തിച്ചത്. തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റില്‍ റവന്യൂ വകുപ്പിലെ ജീവനക്കാരനാണ്. ഭാര്യ : ശ്രീരേഖ (വനം വകുപ്പ്, വഴുതക്കാട് ഹെഡ് ഓഫിസ്). മകന് : ഗൗതം ഹരി.