ന്യൂഡൽഹി : മലയാളി മെഡിക്കൽ വിദ്യാർഥി രോഹിത് രാധാകൃഷ്‌ണൻ മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട കേസിന്‍റെ തുടരന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സുപ്രീം കോടതി. കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടും കർണാടകത്തിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് തുടരന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.
ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് ഒരു ലക്ഷം രൂപ സുപ്രീം കോടതി പിഴ വിധിച്ചു. ഈ തുക നാല് ആഴ്ചയ്ക്ക് അകം രോഹിത് രാധാകൃഷ്ണന്റെ അച്ഛൻ രാധാകൃഷ്ണന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട രോഹിത് രാധാകൃഷ്ണനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മൃതദേഹത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച കോടതി ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. തുടരന്വേഷണം നടത്തുന്നതിന് പകരം ബെംഗളൂരു മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ നിന്ന് വിദഗ്ധാഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.