വയനാട് : വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രോ ചാൻസലറായ മന്ത്രി ജെ ചിഞ്ചുറാണി. രാഷ്ട്രീയം നോക്കാതെ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കും.സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകരടക്കം മൂന്ന് പേർ ഇന്നലെ രാത്രി പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. എസ് എഫ് ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുണും, കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും, മറ്റൊരു യുവാവുമാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യ ആസൂത്രകൻ അഖിലിനെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്.
ഈ മാസം 18നാണ് രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 16ന് രാത്രി കോളേജ് ഹോസ്റ്റലിന്റെ നടുത്തളത്തിൽ എസ് എഫ് ഐ പ്രവർത്തകർ സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചിരുന്നു. വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രണ്ട് ബെൽറ്റ് പൊട്ടും വരെ അടിച്ചു. മർദ്ദനശേഷം മുറിയിൽ പൂട്ടിയിട്ട് നിരീക്ഷിച്ചു. വിവരം പുറത്ത് പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകി. അടുത്ത ദിവസവും മർദ്ദനം തുടർന്നു. കൂട്ടുകാർക്ക് മുന്നിലിട്ടുള്ള മർദ്ദനത്തോടെ സിദ്ധാർത്ഥ് മാനസികമായി തകർന്നു. 18ന് രാവിലെ കുളിക്കാനെന്ന് പറഞ്ഞാണ് കുളിമുറിയിൽ കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തി.