അടൂർ : ജനറൽ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. കുഞ്ഞ് മരിക്കാൻ കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടം നടത്തും. കടമ്പനാട് ഐവർകാല പുത്തനമ്പലം വിഷ്ണുഭവനിൽ വിനീത് രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലെന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടർ ബന്ധുക്കളെ അറിയിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെടുപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി രേഷ്മയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്നലെ രാവിലെ 11നാണ് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞതെന്നും സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ പുറത്തു പോയതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിച്ചു. സംഭവത്തിൽ മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും വിനീത് പറഞ്ഞു. അതേ സമയം രേഷ്മയെ പരിശോധിച്ച ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്നും മരണ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്നും ആർഎംഒ ഡോ. സാനി സോമൻ പറഞ്ഞു.