തിരുവനന്തപുരം : കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ മരണം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വയോധികരിൽ ഭൂരിഭാഗവും വാക്സീനെടുത്തതോടെ മരിക്കുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. അതേസമയം ഈ മരണങ്ങളെല്ലാം ഇപ്പോഴും സർക്കാർ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നില്ല.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം, തൃശൂർ ജില്ലകളിൽ മാത്രം പ്രതിദിനം ശരാശരി 50 ൽ ഏറെ മരണം നടക്കുന്നുവെന്ന് ജില്ലകളിലെ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. സംസ്ഥാനത്താകെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തിരക്കു വർധിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇന്നലെ സംസ്ഥാനത്തു സർക്കാർ സ്ഥിരീകരിച്ച മരണങ്ങൾ 63.
കോവിഡ് ബാധിച്ചു മരിച്ചവരുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പുനഃപരിശോധന നടത്തി സ്ഥിരീകരിച്ചാൽ മാത്രമേ ഔദ്യോഗിക കണക്കിൽ ചേർക്കൂ. ഇതിനു പുറമേ സംസ്ഥാന തലത്തിലുള്ള സമിതി ജില്ലകളിലെ റിപ്പോർട്ടുകൾ അംഗീകരിക്കുകയും വേണം. കോവിഡ് ബാധിച്ചവർ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയ ശേഷമുണ്ടാകുന്ന മരണം ഈ പട്ടികയിൽ പെടുത്തേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതു ശാസ്ത്രീയമല്ലെന്നും തിരുത്തണമെന്നും വിദഗ്ധസമിതി ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
ജില്ലകളിലെ പട്ടികയും സംസ്ഥാനതല പട്ടികയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പത്തനംതിട്ട കളക്ടറുടെ പ്രതിദിന റിപ്പോർട്ട് പ്രകാരം ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ച് 395 പേർ മരിച്ചു. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മരണം 146 മാത്രം.