മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്ന സന്ദേശം പോലീസിനു ലഭിച്ചതിനു പിന്നാലെ 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാൾ കസ്റ്റഡിയിലായതായി വാർളി പോലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ് ആപ്പ് ഹെൽപ് ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ഇയാൾ പിടിയിലായത്. എന്നാൽ ഇയാൾ കുപ്രസിദ്ധ ഗുണ്ടയായ ലോറൻസ് ബിഷ്‍ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പോലീസിന്റെ ഹെൽപ്പ് ലൈനിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് വീട്ടിൽ കയറി നടനെ കൊല്ലുമെന്നും കാർ ബോംബ് വെച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീടിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.