നിക്ഷേപകര്‍ ഇപ്പോള്‍ എന്‍.സി.ഡിയുടെ പിന്നാലെയാണ്. (NCD- Non Convertable Debenture). എന്താണ് NCD എന്നോ ഇത് എത്ര തരം ഉണ്ടെന്നോ ആരും തിരക്കാറില്ല. പരസ്യത്തിന്റെ പിന്നാലെയാണ് നിക്ഷേപകര്‍. ആയിരക്കണക്കിന് കോടികളാണ് NCDയിലൂടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ എത്തുന്നത്. ഭാരതീയ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് എന്‍.സി.ഡി പുരത്തിറക്കുന്നതെന്നും റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ ഗ്യാരന്റി ഈ നിക്ഷേപത്തിന് ഉണ്ടെന്നുമാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെങ്കിലും നിക്ഷേപത്തിന് ഗ്യാരണ്ടി ഇല്ല എന്നതാണ് സത്യം. ഇന്ത്യയിലെ പൂട്ടിക്കെട്ടിയ ഏതെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് പണം മടക്കി നല്‍കിയിട്ടുണ്ടോ ?. കേരളത്തില്‍ സമീപകാലത്ത് പൂട്ടിയത് നിരവധി സ്ഥാപനങ്ങളാണ്. എവിടെയെങ്കിലും റിസര്‍വ് ബാങ്ക് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കിയിട്ടുണ്ടോ ? പ്രാഥമിക വിവരങ്ങള്‍ എങ്കിലും റിസര്‍വ് ബാങ്ക് അന്വേഷിച്ചിട്ടുണ്ടോ?.
ബാങ്കുകളിലെ നിക്ഷേപത്തിനുപോലും പൂര്‍ണ്ണ ഗ്യാരന്റി ഇല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൂട്ടിപ്പോയാല്‍ എത്ര തുക നിക്ഷേപമായി ഉണ്ടായിരുന്നാലും പരമാവധി 5 ലക്ഷം രൂപ മാത്രമേ ഓരോ നിക്ഷേപകനും നഷ്ടപരിഹാരമായി ലഭിക്കുകയുള്ളൂ. സത്യം ഇതായിരിക്കെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപങ്ങളുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കുമോ ?. 1962 ലാണു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പരിരക്ഷ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കിത്തുടങ്ങിയത്. ഒരു നിക്ഷേപകനു 1500 രൂപയുടെ പരിരക്ഷയേ ആദ്യം ഉണ്ടായിരുന്നുള്ളു. നിരവധി തവണ പരിധി വര്‍ധിപ്പിച്ചാണു 2020 ഫെബ്രുവരി മുതല്‍ പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കിയത്.
കേള്‍ക്കാന്‍ നല്ല പേരായതുകൊണ്ടുതന്നെ NCD എന്നത് മലയാളികളുടെ മനസ്സിലെ ഓമനക്കുട്ടനാണ്. കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആയിരം ലഡ്ഡു ഒന്നിച്ചുപൊട്ടും. വഴിയരികെ കാത്തുനില്‍ക്കുന്ന ഭിക്ഷക്കാരന്‍ അയാളുടെ പാത്രം നമ്മുടെനെരെ നീട്ടിയാല്‍ നമ്മള്‍ അതില്‍ ചില്ലറയും നോട്ടുമൊക്കെ ഇട്ടുനല്കും. ഇങ്ങനെ ലഭിക്കുന്ന പണം കൂട്ടിവെച്ചാല്‍ ഇയാളുടെ തൊഴില്‍ മേഖല വിപുലപ്പെടുത്താം. യാത്ര ചെയ്യുവാന്‍ ഒരു സൈക്കിളോ കാലില്‍ ഇടാന്‍ ഒരു ചേരിപ്പോ ഒക്കെ വാങ്ങാം. ഇങ്ങനെയാകുമ്പോള്‍ ഒരുദിവസം കൂടുതല്‍ സ്ഥലത്ത് എത്തി ഭിക്ഷാടനം നടത്തുവാന്‍ ഇയാള്‍ക്ക് ബുദ്ധിമുട്ടില്ല. ഇതിലൂടെ കൂടുതല്‍ പണം സമ്പാദിക്കുവാനും കഴിയുന്നു. ഭിക്ഷ ആയതുകൊണ്ട് നമ്മള്‍ പണം മടക്കി വാങ്ങുന്നില്ല, കൊടുത്തതിന് രേഖയും വാങ്ങാറില്ല. തൊഴില്‍ മേഖല വിപുലപ്പെടുത്തുവാന്‍ ഭിക്ഷക്കാരന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ടാണ് അയാള്‍ പാത്രവുമായി നമ്മെ സമീപിച്ചത്.
ഏതാണ്ട് ഇതുതന്നെയാണ് NCD എന്ന ഓമനക്കുട്ടന്‍. ഇവിടെ പണമുള്ളവന്‍ കമ്പിനി രജിസ്റ്റര്‍ ചെയ്യുന്നു, അതോടൊപ്പം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സും എടുക്കുന്നു. കോടികളുടെ പരസ്യം നല്‍കി ജനങ്ങളില്‍ നിന്നും പണം കടം വാങ്ങുന്നു. ഇതിന് ഒരു സര്‍ട്ടിഫിക്കറ്റും നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ലഭിക്കാം. കടമായി വാങ്ങുന്ന പണം കൊണ്ട് ബിസിനസ് കൂടുതല്‍ വിപുലീകരിക്കുകയാണ് ലക്‌ഷ്യം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കയ്യില്‍ കാശില്ലാത്തവന് ബിസിനസ് വലുതാക്കുവാന്‍ പണം കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ഇത്. NCD എന്ന ഓമനക്കുട്ടന് മലയാളത്തില്‍ കടപ്പത്രം എന്നുപറയും. എന്നാല്‍ ഈ പേര് ഉപയോഗിക്കുന്നത് നാണക്കേടാണ്. പണം കടം വാങ്ങുമ്പോള്‍ കൊടുക്കുന്ന പത്രം – കടപ്പത്രം. അതുകൊണ്ടുതന്നെ കേള്‍ക്കാനും പറയാനും സുഖമുള്ള NCD യാണ് ഇപ്പോള്‍ താരം.
ഈ കടപ്പത്രത്തിന് ഒരു ഗുണമുണ്ട്. പറഞ്ഞിരിക്കുന്ന കാലാവധി കഴിയാതെ ഈ പണം തിരിച്ചു നല്‍കേണ്ട. നിക്ഷേപകന് പരാതിയോ കേസോ നല്‍കുവാനും കഴിയില്ല. എന്നാല്‍ അഞ്ചു വര്‍ഷ കാലാവധിയിലുള്ള ഒരു സ്ഥിരനിക്ഷേപം കാലാവധി എത്തുന്നതിനുമുമ്പ് ഏതുസമയവും പിന്‍വലിക്കാം. പറഞ്ഞിരിക്കുന്ന പലിശയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്ന് മാത്രം. എന്നാല്‍ NCD എന്ന ഓമനക്കുട്ടന്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയതിനു ശേഷമേ നമ്മുടെ കയ്യില്‍ എത്തൂ. പതിറ്റാണ്ടുകളായി കേരളത്തില്‍ നിക്ഷേപതട്ടിപ്പുകള്‍ നടക്കുന്നതൊക്കെ മലയാളികള്‍ പെട്ടെന്ന് മറക്കും. ഏതുതരം നിക്ഷേപവും അത് സ്വീകരിക്കുന്ന ആളിനോ സ്ഥാപനത്തിനോ കൊഴുത്തുതടിക്കുവാനുള്ളതാണ്. ഇക്കൂട്ടത്തില്‍ എന്തെങ്കിലും ഉച്ചിഷ്ടം നിക്ഷേപകനും ലഭിക്കാം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍ നിന്നും മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ വെറും പതിനായിരം രൂപ വായ്പ എടുക്കണമെങ്കില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കരമടച്ച രസീതും ജാമ്യക്കാരും എന്നുവേണ്ട അവര്‍ ആവശ്യപ്പെടുന്ന രേഖകളൊക്കെ നല്‍കുകയും ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിലൊക്കെ (ഒന്നും വായിച്ചു നോക്കാതെ) ഒപ്പിട്ടു നല്‍കുകയും വേണം. എന്നാല്‍ അതെ ധനകാര്യസ്ഥാപനം നല്‍കുന്ന NCD വാങ്ങുവാന്‍ ജനങ്ങള്‍ സ്ഥാപനത്തിനു മുമ്പില്‍ ക്യൂ നില്‍ക്കുന്ന നാടാണ് കേരളം. ഇരുപതും അമ്പതും ലക്ഷം രൂപാ ഒന്നും ചോദിക്കാതെ നിമിഷനേരം കൊണ്ട് ബാഗില്‍ നിന്നും എടുത്തു നല്‍കി അവര്‍ നല്‍കുന്ന കടലാസുകഷണവും തിരികെവാങ്ങി ആത്മ സംതൃപ്തിയോടെ നിക്ഷേപകര്‍ പടിയിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് കിട്ടുന്ന കമ്മീഷനെക്കുറിച്ച് കണക്കു കൂട്ടുകയാവും അവിടുത്തെ ജീവനക്കാര്‍. ലക്ഷങ്ങളും കോടികളും നിക്ഷേപിക്കുന്നവര്‍ തങ്ങള്‍ പണം നല്‍കുന്ന സ്ഥാപനം ആരുടെതെന്നോ എവിടുത്തുകാരുടെതെന്നോ അവരുടെ ബിസിനസ് എന്തോക്കെയെന്നോ അന്വേഷിക്കാറില്ല. അവിടുത്തെ ആഡംബരത്തില്‍ മാത്രമാണ് ഏവരുടെയും ശ്രദ്ധ. ഇത് കൃത്യമായി മനസ്സിലാക്കിയാണ് എല്ലാ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരെ വലവീശുന്നത്.
NCD എന്നാല്‍ Non Convertable Debenture. ഇത് ഷെയര്‍ ആയോ നിക്ഷേപമായോ മറ്റേതെങ്കിലും തരത്തിലേക്കോ മാറ്റുവാന്‍ സാധിക്കുകയില്ല. കാലാവധി പൂര്‍ത്തിയാകാതെ നിക്ഷേപം തിരികെ ലഭിക്കുകയുമില്ല. NCD രണ്ടു വിധത്തില്‍ ഉണ്ട്. നിക്ഷേപിച്ച പണത്തിന് സുരക്ഷ നല്‍കുന്ന Secured NCD യും യാതൊരു സുരക്ഷയും നല്‍കാത്ത Unsecured NCDയും. പണം നിക്ഷേപിച്ചതിനു പകരമായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പലരും വായിച്ചു നോക്കാന്‍പോലും മിനക്കെടാറില്ല. വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തുക. കാരണം നിക്ഷേപകന്‍ ഇതൊരിക്കലും വായിച്ചു മനസ്സിലാക്കുവാന്‍ ഇടവരരുത്.
Secured NCD ക്ക് റിസര്‍വ് ബാങ്കോ സര്‍ക്കാരുകളോ ഒരു സെക്യുരിറ്റിയും നല്‍കുന്നില്ല. എന്നാല്‍ Secured NCD നല്‍കുന്ന സ്ഥാപനങ്ങളുടെ ആസ്തി ബാധ്യതകള്‍ കമ്പിനി രജിസ്ട്രാറും (ROC) റിസര്‍വ് ബാങ്കും (RBI) പരിശോധിച്ച് വിലയിരുത്തിയതിനു ശേഷമായിരിക്കും ഇത് വിതരണം നടത്തുവാന്‍ അനുവാദം നല്‍കുക. ഇതിന്റെ നടത്തിപ്പ് ചുമതല ട്രസ്റ്റികള്‍ക്കാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കമ്പിനി പൂട്ടിപ്പോയാല്‍ ഇവര്‍ ആസ്തിയായി കാണിച്ചിട്ടുള്ള സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ട്രസ്റ്റികള്‍ക്ക് ചുമതലയുണ്ട്.
എന്നാല്‍ കമ്പിനിയുടെ മുഴുവന്‍ സ്വത്തുക്കളും ഇതില്‍ വരില്ല. കടപ്പത്രം ഇറക്കുമ്പോള്‍ അതിന് ഗ്യാരണ്ടിയായി കമ്പിനി ഉടമകള്‍ നിശ്ചയിച്ചിട്ടുള്ള കെട്ടിടമോ വസ്തുവോ മാത്രമേ ഇപ്രകാരം വില്‍ക്കുവാന്‍ കഴിയുകയുള്ളൂ. ഇതിന് ദീര്‍ഘനാളത്തെ നിയമനടപടികളും വേണ്ടിവരാം. അതായത് കമ്പിനി പൂട്ടിക്കെട്ടിയാല്‍ പിറ്റേദിവസം ആരും പണം കൊണ്ടുവന്ന് നിക്ഷേപകന്റെ വീട്ടില്‍ തരില്ല. റിസര്‍വ് ബാങ്കും പണം തരില്ല. ഇന്ത്യയുടെ സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന ഭാരതീയ റിസര്‍വ് ബാങ്കിന് സ്വകാര്യ മുതലാളിമാര്‍ തട്ടിയെടുക്കുന്ന പണം നിക്ഷേപകന് മടക്കി നല്‍കുന്ന ജോലിയുമില്ല. NCD ഇറക്കുവാന്‍ അനുവാദം നല്‍കിയത് റിസര്‍വ് ബാങ്ക് ആയതിനാല്‍ അവരുടെ നിയന്ത്രണങ്ങളും പരിശോധനകളും ഇവിടെ ഉണ്ടാകും എന്ന് മാത്രം.
Unsecured NCD ക്ക് Secured NCD ക്കുള്ള ഒരു പരിരക്ഷയുമില്ല. പേരില്‍ തന്നെ ഈ നിക്ഷേപത്തിനെപ്പറ്റി എല്ലാം വ്യക്തമാണ്. ഒരു NCD ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തിരിച്ചറിയുക എളുപ്പമല്ല. ഒരു അഭിഭാഷകന്റെ സഹായമോ അല്ലെങ്കില്‍ ഒരു ഭൂതക്കണ്ണാടിയോ കരുതുക. പണം നിങ്ങളുടെയാണ്. പൊരിവെയിലത്ത് വിയര്‍പ്പൊഴുക്കി സമ്പാദിച്ചത്, അത് ചിലര്‍ക്ക് ആഡംബര ജീവിതത്തിനും ധൂര്‍ത്തിനും നല്‍കേണ്ടതില്ല. പരസ്യവും ഓഫീസും മാത്രംകണ്ട് ഒന്നും വിലയിരുത്തേണ്ട. ഒരുപക്ഷെ സൂപ്പര്‍ സ്റ്റാറുകള്‍ പരസ്യത്തിലൂടെ നിങ്ങളെ പ്രലോഭിപ്പിക്കാം. ആവശ്യമെങ്കില്‍ തെറ്റും ശരിയും വിശകലനം ചെയ്ത് 100% വിശ്വാസമുള്ള സ്ഥാപനങ്ങളുടെ NCDയില്‍ പണം നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുക, ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ദുഖിച്ചു കഴിയേണ്ടിവരും.
—
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്കീം വിവര രേഖ ഉപയോഗിച്ച് വിശദമായി പരിശോധിക്കുക.