തിരുവനന്തപുരം : കീം ഫലത്തിൽ തീരുമാനം ഇന്ന്. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത ഫോർമുല സർക്കാർ പരിഗണനയിലുണ്ട്. എൻട്രൻസ് കമ്മീഷണർ നൽകിയ ഫോർമുല രാവിലെ ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും. വിദഗ്ധ സമിതിയുടെ 5 ശുപാർശകൾ പരിഗണിച്ചാണ് എൻട്രൻസ് കമ്മീഷണറുടെ നിർദേശം. മന്ത്രിസഭ തീരുമാനം വന്നാൽ ഈ ആഴ്ച തന്നെ ഫലം പ്രഖ്യാപിക്കും. കീം ഫലം പ്രസിദ്ധീകരിക്കുന്നതിൽ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാർക്ക് ഏകീകരണത്തിൽ വിദഗ്ധസമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കും.
മാർച്ചിൽ ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയത് കൊണ്ടാണ് ഫലപ്രഖ്യാപനം നീളുന്നത്. ഹയർസെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്തുള്ള നിലവിലെ ഏകീകരണത്തിൽ സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്. സർക്കാർ നയപരമായ തീരുമാനമെടുത്താൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് അറിയിക്കുന്നത്.