കൊച്ചി : കാക്കനാട് കളക്ടറേറ്റിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനഃസ്ഥാപിക്കും. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇന്നലെയാണ് കുടിശ്ശിക തീർക്കാനുള്ളതിനാൽ കെ എസ് ഇ ബി കളക്‌ടറേറ്റിലെ ഫ്യൂസൂരിയത്. കുടിശ്ശിക മാർച്ച് 31നുള്ളിൽ തീർക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ഇന്ന് ഓഫീസ് സമയത്തിനുമുൻപ് തന്നെ വൈദ്യുതി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ എസ് ഇ ബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനകൾ സർക്കാരിനെതിരെ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്.60 ലക്ഷമാണ് കുടിശിക.
വൈദ്യുതി നിലച്ചതോടെ മൂന്ന്, നാല്, അഞ്ച് നിലകളിലെ ഓഫീസുകളുടെ ജോലികൾ തടസപ്പെട്ടിരുന്നു. ഫാനും എ.സിയും നിലച്ചതോടെ ജീവനക്കാർ കൊടുംചൂടിൽ ഉരുകി. സേവനങ്ങൾ പ്രതീക്ഷിച്ചെത്തിയ ജനങ്ങളും വലഞ്ഞു.വിവിധ കൺസ്യൂമർ നമ്പറുകളിലായി 61,66,726 രൂപയുടെ കുടിശികയാണുള്ളത്. ഇതിൽ 1155578006135 എന്ന ഒറ്റ കൺസ്യൂമർ നമ്പറിൽ മാത്രം 40,83,944 രൂപ കുടിശികയുണ്ട്. തുക 2023 നവംബർ 29നുള്ളിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും നവംബർ 14ന് തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷൻ സീനിയർ സൂപ്രണ്ട് ജില്ലാ കളക്ടർക്കും ഓരോ ഓഫീസിനും നോട്ടീസ് നൽകിയിരുന്നെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.