ദുബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലാൽചന്ദ് രാജ്പുത് യു.എ.ഇയുടെ ദേശീയ ടീം പരിശീലകനാകും. മൂന്നു വർഷത്തേക്കാണ് പരിശീലകനായി നിയമിക്കുന്നത്. ആദ്യ ട്വന്റി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു ഇദ്ദേഹം. നേരത്തേ സിംബാബ്വെ, അഫ്ഗാൻ ടീമുകളുടെ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. 1985-87 കാലത്താണ് രാജ്പുത് ഇന്ത്യൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കു വേണ്ടി തിളങ്ങിയ ഇദ്ദേഹം സുനിൽ ഗവാസ്കറിനുശേഷം മികച്ച ഓപണിങ് ബാറ്റ്സ്മാനായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യക്കാർ അടക്കമുള്ള താരങ്ങൾ ഉൾപ്പെടുന്ന യു.എ.ഇ ടീം രാജ്പുതിന്റെ നിയമനം പ്രതീക്ഷയോടെയാണ് കാണുന്നത്. അടുത്ത ആഴ്ചയോടെ ചുമതലയേൽക്കുന്ന രാജ്പുത്, 2027ലെ ലോകകപ്പിലേക്കുള്ള യോഗ്യതമത്സരങ്ങളുടെ പരിശീലനമാണ് തുടക്കത്തിൽ നിർവഹിക്കുന്നത്. ഫെബ്രുവരി 28ന് ദുബൈയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ലീഗ്-2 മത്സരങ്ങളിൽ യു.എ.ഇ കാനഡയെയും സ്കോട്ട്ലൻഡിനെയും നേരിടും. എട്ടു ടീമുകളുള്ള ലീഗ് രണ്ടിൽ നേപ്പാൾ, നമീബിയ, നെതർലൻഡ്സ്, ഒമാൻ, യു.എസ്.എ എന്നിവയും ഉൾപ്പെടും.