ദുബായ് : യു.എ.ഇ.യിൽ റംസാൻ വ്രതാരംഭം അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. വകുപ്പ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്രതം ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ ജോലിസമയം, അവധികൾ, സൗജന്യപാർക്കിങ് എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. വ്രതമെടുക്കുന്നവർക്കും അല്ലാത്തവർക്കും കുറഞ്ഞ ജോലിസമയം ബാധകമാണ്. പൊതു സ്വകാര്യമേഖലയിൽ യു.എ.ഇ. സർക്കാർ കുറഞ്ഞപ്രവൃത്തിസമയം പ്രഖ്യാപിക്കാറുണ്ട്. ദിവസത്തിൽ എട്ട് മണിക്കൂറോ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറോ ജോലിചെയ്യുന്നത് ഈ ദിവസങ്ങളിൽ ആറ്് മണിക്കൂറാക്കി ക്കുറച്ച് ആഴ്ചയിൽ 36 മണിക്കൂറാകും.
സ്കൂൾസമയം ദിവസം അഞ്ച് മണിക്കൂറാക്കി കുറയ്ക്കും. ഈവർഷം വിശുദ്ധമാസത്തിന്റെ ആദ്യ മൂന്നാഴ്ചകളിൽ മിക്ക സ്കൂളുകളും അടയ്ക്കും. റംസാനിൽ പണമടച്ചുള്ള പാർക്കിങ് സമയം പരിഷ്കരിച്ചിട്ടുണ്ട്. വ്രതാരംഭത്തോടനുബന്ധിച്ച് ഇത് പ്രഖ്യാപിക്കും. കഴിഞ്ഞവർഷം ദുബായിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ്ു മണിവരെ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നു.