ചാരുംമൂട് : കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാരെ നിയമിക്കാൻ ചുനക്കര പഞ്ചായത്തിലെ കർഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നികൾ വൻതോതിൽ കൃഷികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരുടെ യോഗം വിളിച്ചുചേർത്തത്. വാഴ, തെങ്ങിൻതൈകൾ, പച്ചക്കറികൾ, വെറ്റിലക്കൊടി, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങി എല്ലാ കൃഷികളും മാസങ്ങളായി കാട്ടുപന്നികൾ നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.
കരിമുളയ്ക്കൽ ഒൻപതാം വാർഡിലെ ആഫ്രിക്കൻ ഒച്ചുശല്യത്തിനെതിരെയും നടപടിയെടുക്കും. ഇവിടെ വാർഡുതല കൺവെൻഷൻ വിളിച്ചുചേർത്ത് പുരയിടങ്ങൾ വൃത്തിയാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബിനാ റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.കെ. രാധാകൃഷ്ണൻ, മനോജ് കമ്പനിവിള, പി.എൻ. രവി, സവിതാ സുധി, ജയലക്ഷ്മി ശ്രീകുമാർ, പാലമേൽ കൃഷിഓഫീസർ രാജശ്രീ, ചുനക്കര കൃഷിഓഫീസർ വി. ആര്യാനാഥ്, പഞ്ചായത്ത് സെക്രട്ടറി എൻ. ഷിബി എന്നിവർ പ്രസംഗിച്ചു.