ഇടുക്കി : സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആര്‍. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെറിന്‍ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ധീരജിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും. കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്.
ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ധീരജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമല്‍ എന്നിവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയില്‍ ഹാജരാക്കും. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ധീരജ് രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രകോപനം അഴിച്ചുവിടാന്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നുവന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ.സുധാകരന് രാഷ്രീയം നടത്താന്‍ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. കൊലപാതകത്തെ കോണ്‍ഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാന്‍ കഴിയുമോ എന്നാണ് സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്റെ കൊച്ചുമകന്റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരന്‍ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ.എ റഹിം ആവശ്യപ്പെട്ടു.