ഡൽഹി: ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിനെതിരെ നിരവധി സമാന പരാതികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുലിന് സ്റ്റേ ചോദിക്കാന്‍ അവകാശമില്ല. വിധി സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിക്കും.
കോടതി വിധി പ്രതീക്ഷിച്ചതെന്ന് കെ. സി.വേണുഗോപാല്‍ പ്രതികരിച്ചു. അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതോടെയാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെ കോടതി കയറ്റിയത്.
നീരവ് മോദിയെയും നരേന്ദ്രമോദിയെയും ലളിത് മോദിയെയും ഉന്നമിട്ട് ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വംശപ്പേര് വന്നു’എന്ന് രാഹുല്‍ തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിച്ചിരുന്നു. ഇത് മോദി എന്ന് കുടുംബപ്പേരുള്ള എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തലാണെന്നായിരുന്നു പൂര്‍ണേഷിന്റെ ആരോപണം.വിചാരണക്കോടതി ശിക്ഷ വിധിച്ചതിനുപിന്നാലെ രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് പ്രചക്ക് മേയ് രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും രണ്ടുമാസത്തിനുശേഷമാണ് വിധി പറഞ്ഞത്.