ഇരവിപുരം: വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഇരവിപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്പെട്ടയാളുമായ മുള്ളുവിള ഹരിശ്രീ നഗര്‍ വാറുതുണ്ടില്‍ ബൈജു (42) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് വനിതാ സ്ഥാനാര്‍ഥിക്കുനേരേ ഇയാള്‍ അസഭ്യവര്‍ഷം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഏതാനും ദിവസം മുമ്പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പാലത്തറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും റിട്ട.ഇ.എസ്.ഐ ജീവനക്കാരന്റെ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇരവിപുരം എസ്.എച്ച്.ഒ വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കൊച്ചുകൂനമ്പായിക്കുളത്തുവെച്ച് ഇയാളെ സാഹസികമായി പിടികൂടിയത്.
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലുള്ള ഡിറ്റന്‍ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ പേരിലും കേസെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാര്‍, നിത്യാസത്യന്‍, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.