തിരുവല്ല: ബജറ്റിന്റെ പവിത്രതയും പരിപാവനതയും നഷ്ടപ്പെടുത്തി കസേര ഉറപ്പിക്കാനുള്ള ഇന്ധനമായി കേന്ദ്രബജറ്റിനെ തരംതാഴ്ത്തിയ വിചിത്ര നടപടിയായി മാത്രമേ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ കാണാനാവൂ എന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. വിഭജനം സൃഷ്ടിക്കുക എന്ന ബി.ജെ.പി അനുവർത്തിച്ചു വരുന്ന നയം തന്നെയാണ് ബജറ്റിൽ പോലും അവലംബിച്ചിരിക്കുന്നത്. ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന സർക്കാരുകളെന്നും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സർക്കാരുകളെന്നുമുള്ള വേർതിരിവ് ഉണ്ടാക്കി ഫെഡറൽ സങ്കല്പത്തിന്റെ കടയ്ക്കൽ കത്തി വെച്ചിരിക്കുകയാണ്. കേരളത്തെ പാടെ അവഗണിച്ച ബഡ്ജറ്റ് അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളെയും പാടെ അവഗണിച്ചു.
രാജ്യത്തിലെ 69 ശതമാനത്തോളം ജനങ്ങൾ ജീവിക്കുന്ന ഗ്രാമീണ സമ്പത്ത് ഘടനയുടെ അടിസ്ഥാനഘടക വികസനം, ഗ്രാമീണ ജനതയുടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ചെറുകിട നാമമാത്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും തൊഴിലും ജീവനോപാധികളും ചെറുപ്പക്കാരുടെ പ്രത്യേകിച്ചും അഭ്യസ്തവിദ്യരുടെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവയൊന്നും ബഡ്ജറ്റ് അഭിസംബോധന ചെയ്യുന്നില്ല. ബഡ്ജറ്റിലൂടെ കോർപ്പറേറ്റ് നികുതി കുറച്ചു കൊണ്ട് തങ്ങളുടെ മുൻഗണന എന്താണെന്ന് ജാള്യമേതുമില്ലാതെ സർക്കാർ വ്യക്തമാക്കുകയാണ്. അതേസമയം തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റിട്ടും സാധാരണക്കാരന് ഈ പരിരക്ഷ ലഭിക്കുന്നുമില്ല. അങ്ങനെ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഇഷ്ടക്കാർക്ക് വാരിക്കോരി നൽകി അവരെ പ്രീണിപ്പിക്കുന്ന ഇഷ്ട ദാനമായി ബഡ്ജറ്റ് ഡോക്യുമെന്റിനെ അധപ്പതിപ്പിച്ചിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.