ദെഹ്‌റാദൂണ്‍ : ജമ്മു കശ്മീരില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ മരിച്ചത്.
ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മിന്നല്‍പ്രളയത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി.
ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണ്‍ ജില്ലയിലാണ് മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവുമുണ്ടായത്. റായ്പുര്‍ ബ്ലോക്കില്‍ സര്‍ഖീത് ഗ്രാമത്തില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണസേന അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും ചിലരെ സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്നും സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു.
അതിശക്തമായ മഴ തുടരുന്നതിനെത്തുടര്‍ന്ന് ദെഹ്‌റാദൂണില്‍ തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം തമസ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്ന് മാതാ വൈഷ്‌ണോ ദേവി ഗുഹാ യോഗ ക്ഷേത്രവുമായും തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍, മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍പ്രദേശിലും നാശനഷ്ടങ്ങളുണ്ടായി. കങ്ക്‌റ ജില്ലയില്‍ ചാക്കി നദിക്ക് കുറുകേയുള്ള റെയില്‍വേ പാലം പ്രളയത്തില്‍ തകര്‍ന്നു. കങ്ക്‌റ, ചമ്പ, ബിലാസ്പുര്‍, സിര്‍മൗര്‍, മാണ്ടി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനേത്തുടര്‍ന്ന് സോളന്‍ ജില്ലയില്‍ ദേശീയ പാത അടച്ചു.