ന്യുഡല്‍ഹി : ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് വിപുലമപായ കുറ്റപത്രം ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ചു. ഇന്നലെയാണ് 10,000 ല്‍ ഏറെ പേജുകളുള്ള കുറ്റപത്രം കര്‍കര്‍ദൂമ കോടതിയില്‍ സമര്‍പ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം(യുഎപിഎ), ആയുധ നിയമം, ഗൂഢാലോചന അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തഹീര്‍ ഹുസൈന്‍, ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ, നടാഷ നര്‍വാള്‍, മുഹമ്മദ് പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, സെയ്ഫി ഖാലിദ്, ഇസ്രത്ത് ജഹാന്‍, മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ഷഹാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാന്‍, ആതര്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. അനുബന്ധ കുറ്റപത്രത്തില്‍ ഇവരുടെ പേര് ചേര്‍ക്കുമെന്നാണ് സൂചന.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭമാണ് ഫെബ്രുവരി 24ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ കലാശിച്ചത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഐ.ബി ദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ അടക്കം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ അടക്കം 17,500 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 747 സാക്ഷികളും വാട്‌സ്ആപ് ചാറ്റുകളും കോള്‍ ഡേറ്റ റെക്കോര്‍ഡുകളുമടക്കമുള്ള സാങ്കേതിക തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. കലാപം ആസൂത്രിത ഗൂഢാാലോചനയാണെന്ന് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിംഗ് കുഷ്‌വാഹ നേരത്തെ പറഞ്ഞിരുന്നു.