ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് മൂന്ന് മണിവരെ 46.55 ആയിരുന്നു പോളിങ് ശതമാനം. ഡൽഹിയിൽ 1.56 കോടി വോട്ടർമാരാണുള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ഏറ്റവും കൂടുതൽ പോളിങ് ഉള്ളത് വടക്കുകിഴക്കൻ ജില്ലകളിലാണ്. 52.73 ശതമാനം. ന്യൂഡൽഹിയിൽ 43.10 ആണ് പോളിങ് ശതമാനം. നിയോജക മണ്ഡലങ്ങളുടെ കണക്കെടുത്താൽ മുസ്തഫാബാദിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 56.12 ശതമാനം. അതേസമയം കരോൾ ബാഗിൽ പോളിങ് വളരെ കുറവാണ്. (39.05 ശതമാനം). മധ്യഡൽഹിയിൽ 43.45, കിഴക്കൻ ഡൽഹിയിൽ 47.09, വടക്കൻ ഡൽഹിയിൽ 46.31, വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ 46.81, തെക്കൻ ഡൽഹിയിൽ 44.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 70 നിയോജക മണ്ഡലങ്ങളിലായി 13,766 പോളിങ് സ്റ്റേഷനുകളിലാണ് പോളിങ് നടക്കുന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ 62.59ആയിരുന്നു പോളിങ് ശതമാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 56 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്ര പതി ജഗ്ദീപ് ധൻഖർ, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവർ വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയിരുന്നു. ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. തുടർഭരണം ലക്ഷ്യമിട്ടാണ് എ.എ.പി മത്സരിക്കുന്നത്. അധികാരം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഡൽഹി കൂടി പിടിച്ചെടുക്കാനാണ് ബി.ജെ.പി യുടെ ശ്രമം.