ദില്ലി: ദില്ലിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചത്.
ദില്ലിയിലെ കേന്ദ്ര സർക്കാരിന്റെതുൾപ്പടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ അടിയന്തിരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.
അതേസമയം ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. ദിവസവും 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടൺ മാത്രമാണ്. ഇന്നലെ നൽകിയതാവട്ടെ 312 ടൺ മാത്രം. ഇങ്ങനെയെങ്കിൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.