ഡല്‍ഹി: നിയമസഭാ തെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് . 70 മണ്ഡലങ്ങളിലാണ് ജന വിധിതേടുന്നത്. തുടര്‍ഭരണം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെജ്രിവാളും എഎപിയും. എ.എ.പി., ബി.ജെ.പി., കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തമായ തികോണമത്സരമാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. എ.എ.പി.യും ബി.ജെ.പി.യും തമ്മിലാണ് പ്രധാനപോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എം.പി.മാര്‍, പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവരെ നിരത്തിലിറക്കിയാണ് ബി.ജെ.പി.യുടെ പ്രചാരണം.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എ.എ.പി.യെ നയിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റു മന്ത്രിമാര്‍ എന്നിവരും പാര്‍ട്ടിക്കായി പ്രചാരണം നയിക്കുന്നുണ്ട്. എ.ഐ.സി.സി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തി. എന്നാല്‍ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എ എ പി ക്ക് അനുകൂലമാണ്. എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. ഫെബ്രുവരി 8 നാണ് തെരഞ്ഞെടുപ്പ്.