ന്യൂഡൽഹി : ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ബിജെപി. പാര്‍ട്ടിക്ക് വലിയ തിരിച്ചടി പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ അമിത്ഷായുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. നിരാശജനകമായ എക്സിറ്റ് പോൾ ഫലങ്ങൾ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തെന്ന് സ്ഥിരീകരിച്ച ശേഷമാണ് അഭിപ്രായ വോട്ട് അന്തിമമല്ലെന്ന പ്രഖ്യാപനവുമായി ബിജെപി വക്താവ് മീനാക്ഷി ലേഖി രംഗത്തെത്തിയത്.
എക്സിറ്റ് പോൾ ഡാറ്റ ശേഖരണത്തിൽ തന്നെ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിയോടെ ഡാറ്റാ ശേഖരണം അവസാനിപ്പിച്ചാണ് മിക്ക എക്സിറ്റ് പോളുകളും ഫലം പുറത്ത് വിട്ടത്. പോളിംഗ് സമയം തീരുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിലാണ് ബിജെപി വോട്ടുകൾ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തിയതെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം മറികടന്ന് ബിജെപി ഡൽഹിയിൽ സര്‍ക്കാറുണ്ടാക്കുമെന്നാണ് അവകാശവാദം.
അതേസമയം വൈകി വോട്ട് ചെയ്യുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് നയം ആയിരുന്നില്ലെന്നും വാദമുണ്ട്. “നിങ്ങളുടെ തീരുമാനം അറിയാം ഫെബ്രുവരി പതിനൊന്നിന് വരുന്നത് ഞെട്ടിക്കുന്ന ഫലമാകുമെന്ന് ഉറപ്പുണ്ട്” എന്ന് വോട്ടെടുപ്പിന് മുൻപ് പ്രവര്‍ത്തകരോട് പറഞ്ഞ അമിത്ഷാ രാവിലെ പത്തരക്ക് മുമ്പ് തന്നെ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എക്സിറ്റ് പോളുകൾ എല്ലാം പരാജയമാണെന്ന് ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് ബിജെപി ഡൽഹി പ്രസിഡന്റ് മനോജ് തിവാരിയും അഭിപ്രായപ്പെട്ടു. ബിജെപി സർക്കാര് ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 47 സീറ്റ് ലഭിക്കുമെന്ന തീവാരിയുടെ ട്വീറ്റ് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുകയാണ്.