ന്യൂഡല്‍ഹി: കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ് കാത്തിരിക്കേണ്ടെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയോട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എന്‍.എ പരിശോധന അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് നവീന്‍ ചാവ്ല ഉത്തരവിട്ടു.
ഫെബ്രുവരി 25 മുതല്‍ മകനെ കാണാതായ സാജിദ് അലിയാണ് ഡി.എന്‍.എ പരിശോധനക്ക് അനുമതി തേടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കത്തിക്കരിഞ്ഞ നിലയില്‍ 27 ന് ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത് സാജിദ് അലിയുടെ മകനാണെന്ന സംശയുമുണ്ടായിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാല്‍ മാര്‍ച്ച് 3 ന് സാമ്പിളുകളെടുത്തു. അതിന് ശേഷം നടപടിയൊന്നും ഉണ്ടായില്ല.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ഡല്‍ഹി സര്‍ക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ് കോടതിയില്‍ അറിയിച്ചത്. സാജിദ് അലിയുടെ മകന്റെ മൃതദേഹമല്ല ലഭിച്ചതെന്നാണ് പരിശോധനഫലമെങ്കില്‍ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിന്റെ സമയമാണ് നഷ്ടപ്പെടുകയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു.
ഇന്ന് തന്നെ പരിശോധനാ നടപടിക്ക് തയാറാണെന്ന് ലാബ് അധികൃതര്‍ കോടതില്‍ അറിച്ചു. എന്നാല്‍ ഫലം ലഭിക്കാന്‍ 15 ദിവസത്തെ സമയമെടുക്കും.