ഡൽഹി : ഒത്തുതീർപ്പിനുള്ള കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ. സർക്കാരിൻറെ നിർദ്ദേശത്തിൽ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കൾ നിലപാടെടുത്തു. അഞ്ച് വിളകൾക്ക് താങ്ങുവില നൽകി അടുത്ത അഞ്ച് വര്‍ഷം സംഭരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിൽ ബുധനാഴ്ച ദില്ലി ചലോ മാർച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കൾ പറയുന്നു. ചർച്ചയിൽ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നതെന്ന് കർഷക സംഘടന നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. കർഷകരോട് കാണിക്കുന്നത് അനീതിയാണ്. ബുധനാഴ്ച 11 മണിക്ക് ഡൽഹി മാർച്ച് പുനരാരംഭിക്കും. സമാധാനപരമായ സമരത്തിന് സർക്കാർ അനുവദിക്കണമെന്ന് സർവൻ സിങ് പാന്തറും ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ മോദി സർക്കാരിന് 2021-ൽ പഞ്ചാബിലെയും,ഹരിയാനയിലേയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും കർഷകർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മുന്നിൽ മാത്രമാണ് മുട്ടുമടക്കേണ്ടി വേണ്ടത്. അന്ന് 40-ന് മുകളിൽ വരുന്ന കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയാണ് സമരം നടത്തിയത്. ഇപ്പോൾ ഈ 40 സംഘടനകളിൽ ഒരു വിഭാഗം കർഷകർ മാത്രം ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ച (അരാഷ്ട്രീയ വിഭാഗം) ആണ് സമരം നടത്തുന്നത്.