ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് ഉള്‍പ്പെടുത്താതെ ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിസോദിയയ്ക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്. ആം ആദ്മി പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായര്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴുപേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു, ബോയിന്‍പള്ളിയുടെ സഹായി അരുണ്‍ പിള്ള, മുത്തു ഗൗതം, എക്സൈസ് വകുപ്പില്‍ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് പൊതുപ്രവര്‍ത്തകര്‍ എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുപേരുകാര്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ലൈസന്‍സികളുമായുള്ള ഗൂഢാലോചന അതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ വിവിധ വശങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. അനുബന്ധ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. 10,000 പേജുള്ള രേഖകള്‍ പരിഗണിക്കുന്നതിന് മുമ്പ് നവംബര്‍ 30 ന് വാദം കേള്‍ക്കാന്‍ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.