ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വിജയ് നായരെ ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ ഒക്ടോബര്‍ 6 വരെ ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിജയ് നായരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ വിജയ്യുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതിനാലാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27നാണ് വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ വിജയ് നായര്‍ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണെന്നും മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. അഴിമതിക്കേസില്‍ വിജയ് നായരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതികളാക്കിയ എട്ട് വ്യക്തികള്‍ക്കെതിരെ സിബിഐ ഓഗസ്റ്റ് 21ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 19 ന് നടത്തിയ റെയ്ഡില്‍ അന്വേഷണ ഏജന്‍സി കണ്ടെത്താനായില്ലെന്ന് പറഞ്ഞവരില്‍ വ്യവസായി വിജയ് നായരും ഉള്‍പ്പെട്ടിരുന്നു.
സിബിഐയുടെ എഫ്ഐആര്‍ പ്രകാരം, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കൂട്ടാളി അര്‍ജുന്‍ പാണ്ഡെ ഒരിക്കല്‍ വിജയ് നായര്‍ക്ക് വേണ്ടി ഇന്‍ഡോ സ്പിരിറ്റ്സിന്റെ ഉടമ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് ഏകദേശം 2 മുതല്‍ 4 കോടി രൂപ വരെ വാങ്ങിയിരുന്നു.