ഡല്‍ഹി : കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലാണെന്നും നിലവിലെ അവസ്ഥയില്‍ ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി.
ലോക് ഡൗണിനോട് ഡല്‍ഹി ഭരണകൂടത്തിന് യാതൊരു താല്‍പ്പര്യവുമില്ല. പക്ഷെ കൊറോണ വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താല്‍ ലോക് ഡൗണല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. അടിയന്തിര സാഹചര്യത്തില്‍ മാത്രമാണ് രോഗികളെ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കൊറോണ രണ്ടാം ഘട്ട വ്യാപനം പതിവിന് വിപരീതമായി 45 വയസ്സിന് താഴെയുള്ളവരിലാണ് കാണുന്നതെന്നും രോഗബാധിതരില്‍ 65 ശതമാനവും യുവാക്കളാണെന്നത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നും കേജരിവാള്‍ വ്യക്തമാക്കി. സാമൂഹിക നിയന്ത്രണം പാലിക്കാത്ത ഈ പ്രായക്കാര്‍ക്ക് രോഗവ്യാപനം തടയാന്‍ ലോക് ഡൗണല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് ഡല്‍ഹി ആരോഗ്യവകുപ്പിന്റെയും വിലയിരുത്തല്‍. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു.