ന്യൂഡല്‍ഹി : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം മൂന്നാം തരംഗത്തിന്റെ വരവിനു വേഗം കൂട്ടുകയേ ഉള്ളുവെന്നു ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവു നല്‍കിയതിനു പിന്നാലെ ഡല്‍ഹിയിലെ ചന്തകളിലും മറ്റും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിമര്‍ശനം.
തല്‍സ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കടയുടമകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിച്ച് നിരവധി പേരുടെ ജീവനെടുത്ത ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ചന്തകളിലും വാണിജ്യകേന്ദ്രങ്ങളിലും വലിയ ജനത്തിരക്കാണ് കാണപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാനോ മാസ്‌ക് ധരിക്കാനോ പലരും തയാറാകുന്നില്ല. മെട്രോ സ്‌റ്റേഷനുകളിലും ജനത്തിരക്ക് ഉണ്ടാകുന്നത് വലിയതോതില്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ കടകളും മാളുകളും ഹോട്ടലുകളും തുറന്നിരുന്നു. ആഴ്ചച്ചന്തകള്‍ തുറന്നെങ്കിലും പകുതി കച്ചവടക്കാര്‍ക്കാണ് ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഓരോ മുന്‍സിപ്പല്‍ സോണിലും ഒരു ദിവസം ഒരു ചന്ത മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.