ന്യൂഡല്‍ഹി : പരിശോധനയ്ക്ക് ഇറങ്ങിയ പോലീസുകാരെ നടുറോഡില്‍ ജനം നോക്കിനില്‍ക്കെ ആക്രമിച്ചു. പോലീസുകാരെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസുകാരന്റെ പിസ്റ്റള്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വെടിവെപ്പും നടന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. തിലക് നഗര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ദീപക്കും മുകേഷും പതിവ് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ക്രിമിനലായ സാഗര്‍ ചാമ്പ ഇവിടേക്ക് എത്തി. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു. തുടര്‍ന്ന് സാഗര്‍ മുകേഷുമായി വാക്കുതര്‍ക്കമുണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കയ്യിലും നെഞ്ചിലും കുത്തുകൊണ്ട മുകേഷ് നിലത്തു വീണു. ഇതു കണ്ട ദീപക്ക് ഓടിയെത്തി സാഗറിനെ പിടിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ദീപക്കിന്റെ കയ്യിലെ പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ സാഗര്‍ ശ്രമിച്ചു. പിടിവലിക്കിടെ ആദ്യ വെടിപൊട്ടി. ഇത് ആകാശത്തേക്കായതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ടാമത്തെ വെടി സാഗറിന്റെ നെഞ്ചിലാണ് കൊണ്ടത്. പരിക്കേറ്റ മൂവരെയും ആശുപത്രിയിലാക്കി. മുകേഷും സാഗറും ഐസിയുവിലാണ്. ഇരുവരേയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സാഗറിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണം പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഗര്‍ 15 ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്ന് പോലീസ് സൂചിപ്പിച്ചു.