ന്യൂഡൽഹി : നഗരത്തെ കലാപഭൂമിയാക്കിയ വർഗീയ കലാപത്തിന്റെ ഇരകൾക്ക് അഭയകേന്ദ്രമൊരുക്കിയതിന് ഡൽഹി ജെഎൻയു യൂണിയൻ പ്രതിനിധികൾക്ക് സർവകലാശാലാ അധികൃതരുടെ താക്കീത്. സർവകലാശാലയെ അഭയകേന്ദ്രമാക്കാൻ ചട്ടമില്ലെന്ന് കാണിച്ചാണ് യൂണിയൻ പ്രതിനിധികൾക്ക് താക്കീതുമായി സർവകലാശാല നോട്ടീസയച്ചത്.
ഇത്തരം അഭയകേന്ദ്രങ്ങളൊരുക്കിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സർവകലാശാലാ പ്രോക്ടർ പ്രമോദ് കുമാർ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൽ പറയുന്നു. ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുഎസ്‍യു) ക്യാമ്പസിൽ രക്ഷാകേന്ദ്രമൊരുക്കാൻ ഒരു തരത്തിലുള്ള നിയമപരമായ അധികാരവുമില്ല എന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികളിൽ നിന്ന് അടിയന്തരമായി മാറി നിൽക്കണം. അതല്ലെങ്കിൽ നിങ്ങൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനും മാത്രമേ ഉപയോഗിക്കാനാകൂ. ആ ചട്ടം കൃത്യമായി പാലിക്കണം. അതല്ലാതെ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കരുത്, എന്നാണ് സർവകലാശാലാ അധികൃതരുടെ നോട്ടീസിലെ താക്കീത്.
”ഈ അഭയകേന്ദ്രത്തിന്റെ പേരിൽ ജെഎൻയുവിൽ താമസിക്കുന്ന ആരെങ്കിലും പരാതിയുന്നയിക്കുകയോ അസൗകര്യം ചൂണ്ടിക്കാട്ടുകയോ ചെയ്താൽ അതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമായിരിക്കും” എന്നും നോട്ടീസിൽ പറയുന്നു. അതേസമയം ഡൽഹി കലാപത്തെ അപലപിച്ചും ഇതിൽ പ്രതിഷേധിച്ചും ഡൽഹി സർവകലാശാലയും പഠിപ്പുമുടക്കിലായിരുന്നു. വർഗീയകലാപത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യാമ്പസിനകത്ത് സമാധാനമാർച്ച് നടത്തി വിദ്യാർത്ഥികൾ.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ 42 പേർ കൊല്ലപ്പെട്ടു എന്നതാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക്. 200 പേർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. ആയിരക്കണക്കിന് പേർക്കാണ് വീടും സ്വത്തുവകകളും നഷ്ടമായത്. വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്തവരും നിരവധിയാണ്. വീട് നഷ്ടമായവർക്ക് അഭയകേന്ദ്രമൊരുക്കാൻ പലപ്പോഴും ഗുരുദ്വാരകളും അക്രമങ്ങളിൽ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കാൻ ഹിന്ദുക്കളും ഹിന്ദുക്കളെ രക്ഷിക്കാൻ മുസ്ലിങ്ങളും അണിനിരന്നത് ആശ്വാസകരമായ കാഴ്ചയായിരുന്നു. ജെഎൻയുവിലെ അടക്കം വിദ്യാർത്ഥികൾ കലാപബാധിതമേഖലകളിലെത്തി ഇരകളായ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ശ്രമിച്ചിരുന്നു.