ന്യൂഡൽഹി : ഡൽഹിയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പ്രമുഖ അഭിഭാഷകനും രാജ്യസഭാ എം.പി.യുമായ കപിൽ സിബൽ തുടങ്ങിയ പ്രമുഖരുടെ വോട്ടുകളിൽ സംശയം പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചു. 33 ലക്ഷം പേർക്കാണ് പരിശോധനയുടെ ഭാഗമായി കമ്മിഷൻ നോട്ടീസ് നൽകിയിട്ടുള്ളത്. മാതാപിതാക്കളുമായുള്ള പ്രായവ്യത്യാസം 15 വയസ്സിൽ താഴെയായതിൽ സംശയം പ്രകടിപ്പിച്ചാണ് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നോട്ടീസ് നൽകിയത്. മുൻ എസ്.ഐ.ആറുമായി വിവരങ്ങൾ ഒത്തുചേരാത്തതിനെ തുടർന്നാണ് അരവിന്ദ് കെജ്‌രിവാൾ അദ്ദേഹത്തിന്റെ പിതാവ്, മാതാവ്, ഭാര്യ, മകൻ എന്നിവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഇതേ കാരണം കൊണ്ടുതന്നെ കപിൽ സിബലിനും അദ്ദേഹത്തിന്റെ ഭാര്യക്കും നോട്ടീസ് ലഭിച്ചു.
ജോൺ ബ്രിട്ടാസ് എം.പി.യുടെ ഭാര്യ ഷീബാ ബ്രിട്ടാസ്, മകൻ ആനന്ദ് ബ്രിട്ടാസ് എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ എം.പി.യുടെ ഔദ്യോഗിക വസതിയായ 140 സൗത്ത് അവന്യൂവിലാണ് ഇവർ താമസിക്കുന്നത്. ജോൺ ബ്രിട്ടാസിന് തിരുവന്തപുരത്തും ഭാര്യക്കും മകനും ഡൽഹിയിലുമാണ് വോട്ട്. ഔദ്യോഗിക വസതിയിൽ താമസിക്കുന്ന പാർലമെന്റ് അംഗത്തിന്റെ ഭാര്യക്ക് ഇതാണ് സ്ഥിതിയെങ്കിൽ രാജ്യത്തെ മറ്റുള്ളവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.






























