തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം സർക്കാരിന്റെ പദ്ധതിയാണെന്ന് റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ. ജിഎസ്ടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയ മൊഴിയിലാണ് ആന്റോ അഗസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കളിക്കാൻ അർജന്റീന ഫുട്ബോൾ ടീം സന്നദ്ധത അറിയിച്ച കാര്യം സർക്കാരാണ് തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം മൊഴി നൽകി. എന്നാൽ മൊഴിയെടുക്കലിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിന്റെ പല സുപ്രധാന രേഖകളും തന്റെ പക്കലില്ലെന്നാണ് ആന്റോ അഗസ്റ്റിൻ ഉദ്യോഗസ്ഥരെ അറിയിച്ചത്.
സാമ്പത്തിക ഇടപാടുകളും നികുതി സംബന്ധമായ വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടി എസ്ഐടി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്തതും മൊഴി രേഖപ്പെടുത്തിയതും. മെസ്സി വരവുമായി ബന്ധപ്പെട്ട കരാറുകളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.































