ലക്‌നൗ: താന്‍ കൊല്ലപ്പെട്ടാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കാന്‍ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് കത്തു തയാറാക്കി വച്ചിരുന്നെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. മുദ്രവച്ച കവറിലുള്ള ഈ കത്ത് തന്റെ കൈവശമല്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ഈ കത്ത് ഇവര്‍ക്ക് അയയ്ക്കുന്നതും താനായിരിക്കില്ല. അജ്ഞാതനായ മറ്റൊരാളുടെ കൈവശമാണ് ഈ കത്തുള്ളത്. അയാള്‍ കത്ത് ഇവര്‍ക്ക് അയച്ചുകൊടുത്തെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും ജയിലില്‍നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് അവകാശപ്പെട്ട ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഈ കത്തിലുണ്ടാകുമെന്ന് അഷറഫ് തന്നോടു പറഞ്ഞതായി അഭിഭാഷകന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. ലൗലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിടികൂടിയിരുന്നു. വന്‍ ആസൂത്രമാണ് കൊലയ്ക്കായി ഇവര്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ മൈക്കും വ്യാജ ഐ.ഡി കാര്‍ഡുകളും കാമറയുമായാണ് കൊലയാളികള്‍ എത്തിയത്.