ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ശതമാനം പുറത്തുവിടാത്ത ഇലക്ഷൻ കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞു ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിട്ടിട്ടും കൃത്യമായ കണക്കുകൾ പുറത്തുവിടുന്നില്ല. വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് കമ്മീഷൻ പറയുന്നത് . ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു മണിക്കൂറിനകം തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ട കമ്മീഷന് ഡൽഹി പോലുള്ള ഒരു ചെറിയ സംസ്ഥാനത്തെ വിവരങ്ങൾ പൂർണമായി ശേഖരിക്കാൻ കഴിയുന്നില്ലെന്നാണ് പറയുന്നത്.
തികച്ചും ഞെട്ടിക്കുന്ന നടപടിയാണിതെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്നു ആം ആദ്മി എം പി സഞ്ജയ് സിങ്ങും ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഡൽഹി നിയമസഭയിലെ എഴുപതു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായത്. അറുപതു ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി ഭരണത്തുടർച്ച നേടുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഈ മാസം പതിനൊന്നിനാണ് വോട്ടെണ്ണൽ .