ന്യൂഡൽഹി : കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വീണ്ടും രൂപാന്തരം പ്രാപിച്ച ഡെല്‍റ്റ പ്ലസ് അല്ലെങ്കില്‍ എവൈ.1 ഇന്ത്യയില്‍ കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതു ബാധിച്ചവര്‍ക്കു രോഗം ഗുരുതരമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ബി.1.617.2 വകഭേദം രൂപാന്തരം പ്രാപിച്ചാണ് ഡെല്‍റ്റ പ്ലസ് ആയിരിക്കുന്നത്. വൈറസിനെ മനുഷ്യകോശത്തില്‍ കടക്കാന്‍ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനാണ് ഉള്‍പരിവര്‍ത്തനം വന്നിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചതും ഇന്ത്യയില്‍ അടുത്തിടെ അനുമതി നല്‍കിയതുമായ മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിന് ഫലപ്രദമല്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്.
കാസിനിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്ത മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അടുത്തിടെ ഇന്ത്യ അനുമതി നല്‍കിയിരുന്നു. സ്വിസ് മരുന്നു കമ്പനിയായ റോച്ചെയും സിപ്ലയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മരുന്നിന് ഒരു ഡോസിന് 59,750 രൂപയാണ്. പുതിയ ഡെല്‍റ്റ പ്ലസിന് ഈ മരുന്ന് ഫലപ്രദമല്ലെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. വൈറസിന്റെ സ്‌പൈക് പ്രോട്ടീനെതിരെ പ്രവര്‍ത്തിച്ച് ശരീരകോശത്തില്‍ കയറുന്നത് തടയുക ലക്ഷ്യമിട്ടാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്നും മാരകമാണെന്നുമുള്ള പഠനങ്ങളാണു നടക്കുന്നത്.