കോഴിക്കോട് : പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പോസിറ്റീവായിരുന്ന രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 19-ാം വാര്‍ഡിലും ഒന്നാം വാര്‍ഡിലുമായുള്ള രണ്ടുപേര്‍ക്കാണ് വകഭേദം വന്ന വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവര്‍ നെഗറ്റീവായിക്കഴിഞ്ഞതാണ്.
ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതല്‍ കോവിഡ് പരിശോധന നടത്തും. പേരാബ്ര സി.കെ.ജി. ഗവ. കോളേജില്‍ ജോലിക്കായിവന്ന 14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ മണിയൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. ശേഷിച്ച തൊഴിലാളികളെ കോളേജില്‍ത്തന്നെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. അടുത്തദിവസങ്ങളില്‍ സ്ഥലത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.