ചുങ്കപ്പാറ: റോഡിലെ പടുകുഴി മൂലം സഞ്ചാരം ദുസഹമാവുന്നു. ഇതോടെ പൊന്തൻപുഴ – ചുങ്കപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. കാൽനടയാത്ര ദുസഹമായിട്ട് മാസങ്ങൾ ഏറെയായിട്ടും അറ്റകുറ്റപണികൾ പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുളിക്കൻപാറ മുതൽ ചുങ്കപ്പാറ പഴയ തീയേറ്റർ പടി വരെ വിവിധ സ്ഥലങ്ങളിൽ ടാറിങ് പൂർണമായും ഇളകി റോഡിൻ്റെ പലഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കൊടും വളവുകളും കുത്തിറക്കവുമായ റോഡിൽ കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്നു.
കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ ആഴമറിയാതെ സ്ഥല പരിചയമില്ലാതെ എത്തുന്ന വാഹനങ്ങൾ കുഴികളിൽ ചാടി ഉണ്ടാകുന്ന അപകടത്തിൽപെടുന്നതും പതിവായിരിക്കുകയാണ്. റോഡിൻ്റെ വശങ്ങളിലും വെള്ളം ഒഴുകി വലിയ ഗർത്തങ്ങൾ രൂപപെട്ടിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ എപ്പോഴും തിരക്കുമാണ്. റോഡിൻ്റെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.