തിരുവല്ല : വി. പി സത്യനൊപ്പം ഗോള്‍വലയം ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ പന്തുകള്‍ക്ക് പ്രതിരോധം തീര്‍ത്ത കുളക്കാട് മാമ്പ്രക്കുഴിയില്‍ പ്രശാന്തിയില്‍ വര്‍ഗീസ് മാത്യു (60) അന്തരിച്ചു. കൊവിഡ് കാലത്ത് നഷ്ടങ്ങളുടെ കണക്കില്‍ തിരുവല്ലക്കാര്‍ക്ക് കണക്ക് ചേര്‍ക്കാന്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ഫുട്‌ബോളിനെ ജീവ വായുവാക്കിയ തിരുവല്ലക്കാരുടെ ബാബുച്ചായന്റെ പേരും.
മുന്‍ സന്തോഷ് ട്രോഫി താരവും എസ്ബിഐ ഉദ്യോഗസ്ഥനുമായ വര്‍ഗീസ് മാത്യു ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. എസ്ബിടിയുടെയും കേരള സര്‍വകലാശാലയുടെയും ഫുട്‌ബോള്‍ താരമായിരുന്നു. 1983- 84 ല്‍ കേരള സര്‍വകലാശാല ചാംപ്യന്മാരായ ചങ്ങനാശ്ശേരി എസ്ബി കോളജ് ടീമില്‍ അംഗമായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല ടീമിലെത്തി. 1987 ല്‍ തൃശൂരില്‍ നടന്ന സന്തോഷ് ട്രോഫിയിലടക്കം കേരളത്തിനായി കളിച്ചു. ജോലി ലഭിച്ച ശേഷം എസ്ബിടി താരമായി തുടര്‍ന്നു. ഈ 31ന് വിരമിക്കാനിരിക്കുകയായിരുന്നു അന്ത്യം. തിരുവല്ല എന്ആര്‍ഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തിരുവല്ല ഊരവേലില്‍ പടവുപുരയ്ക്കല്‍ ആനി അന്നമ്മ വര്‍ഗീസ് (ഓഫീസര്‍, എസ്ബിഐ, പെരുന്ന).
മക്കള്‍: ഷനോ സൂസന്‍ വര്‍ഗീസ് (ക്വസ്ത് ഗ്ലോബല്‍, തിരുവനന്തപുരം), ഷബ ആന്‍ വര്‍ഗീസ്, ഷെല്‍ബി മാത്യു വര്‍ഗീസ്. മരുമക്കള്‍: മാറനാട് പെരുമ്പള്ളില്‍ കുര്യാക്കോസ് തോമസ് പണിക്കര്‍, മുത്തൂര്‍ കുഴിമലയില്‍ സിജു പൗലോസ് (നിപ്പോണ്‍ അസറ്റ് മാനേജ്‌മെന്റ്, തിരുവല്ല). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.