ഒഡീഷ : സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി നിഷേധത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അത്തരം വാര്‍ത്തകള്‍ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒഡീഷയില്‍ നിന്നും വരുന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒഡീഷ വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരിയും ഏഴ് മാസം ഗര്‍ഭിണിയുമായ 26 -കാരി ബർഷ പ്രിയദർശിനിക്ക് കടുത്ത വയറ് വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ടും മേലുദ്യോഗസ്ഥ അവധി നിഷേധിച്ചു. ഇതിന് പിന്നാലെ യുവതിക്ക് തന്‍റെ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി. ബർഷയുടെ തന്നെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സർക്കാര്‍ ഓഫീസില്‍ നടന്ന സംഭവത്തില്‍ ഉപമുഖ്യമന്ത്രി പ്രവതി പരീദ ആശങ്ക രേഖപ്പെടുത്തി.
ഒക്ടോബർ 25 -നാണ് സംഭവം നടന്നത്. ഒഡീഷ കേന്ദ്രപാര ജില്ലയിലെ ഡെറാബിഷ് ബ്ലോക്കിലെ വനിതാ ശിശുവികസന വകുപ്പിലാണ് ബർഷ പ്രിയദര്‍ശിനി ജോലി ചെയ്തിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫീസർ (സിഡിപിഒ) സ്നേഹലത സാഹുവിനോടും ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരോടും ബർഷ അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നു. ഒപ്പം ആശുപ്ത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ സാഹു തന്നോട് മോശമായി പെരുമാറിയെന്നും ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ബർഷ പറയുന്നു.
ഓഫീസിലുള്ളവരുടെ നിസഹകരണത്തെ തുടര്‍ന്ന് ബർഷ, വീട്ടിലേക്ക് വളിക്കുകയും ഒടുവില്‍ വീട്ടുകാരെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സിഡിപിഒ സ്നേഹലത സാഹുവിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബർഷ, ജില്ലാ കളക്ടർക്ക് പരാതി നൽകി. സിഡിപിഒയില്‍ നിന്നും തനിക്ക് ‘മാനസിക പീഡനവും കടുത്ത അശ്രദ്ധയും’ നേരിടേണ്ടിവന്നെന്നും കത്തില്‍ സൂചിപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസറോട് (ഡിഎസ്ഡബ്ല്യുഒ) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രപാറ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിലു മൊഹാപത്ര പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരീദ എക്സില്‍ കുറിച്ചു.