പത്തനംതിട്ട : മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കണക്കെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. എണ്ണം എടുക്കുന്നതിന് പുറമെ ഇവയുടെ താവളം കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളും മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്നുണ്ട്. കേരള പോലീസുമായി ചേർന്നാണ് പമ്പയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നത്. ശബരിമല സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. ഇതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാമറ സ്ഥാപിക്കും. ശബരി പാതയിൽ ഇലവുങ്കൽ മുതൽ പമ്പ വരെയും തിരികെയുമുള്ള ചെറുതും വലുതുമായ വാഹനങ്ങളെ ഇതിലൂടെ നിയന്ത്രിക്കാൻ കഴിയും.
ഇവിടേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വിവരങ്ങളും രേഖപ്പെടുത്തി ഗതാഗതനിയന്ത്രണത്തിന് ഉപയോഗിക്കും. വാഹന നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്താണ് വിവരശേഖരണം നടത്തുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എരുമേലിയിൽനിന്നും വടശേരിക്കരയില്‍ നിന്നുമുള്ള പ്രധാന പാതകൾ സംഗമിക്കുന്ന ഇലവുങ്കലിൽ ഇതിനായി ക്യാമറ സ്ഥാപിച്ചു. വൃശ്ചികം ഒന്ന് മുതൽ തന്നെ ഇത് പ്രവർത്തിപ്പിക്കാനാണ് പദ്ധതി. വാഹന സ്വഭാവം, തരം, നിറം തുടങ്ങിയവയെല്ലാം ഡിജിറ്റൽ ക്യാമറ വഴി കണ്ടെത്തും. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങളുടെ നമ്പർ പോലീസ് രേഖപ്പെടുത്തുന്നത് മാത്രമാണ് നേരിട്ടുണ്ടായിരുന്ന ആധികാരിക രേഖ.
ആധുനിക ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഗതാഗതനിയന്ത്രണവും സാധ്യമാകുമെന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും കരുതുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ഡലകാലത്തെ തിരക്കേറിയ സമയങ്ങളിലും മകര വിളക്ക് ദിവസങ്ങളിലും അമിതമായി വാഹനങ്ങൾ ശബരിമലയിലേക്ക് എത്തുന്നത് എല്ലാ വർഷങ്ങളിലും വലിയ പ്രശ്നനങ്ങളാണ് ഉണ്ടാക്കുന്നത്. വനമേഖലയിൽ വാഹനങ്ങൾ കുരുങ്ങി കിടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷനും വിലയിരുത്തിയിരുന്നു. ഇവിടങ്ങളിൽ വാഹനം കുരുങ്ങുന്നതോടെ വെള്ളവും വെളിച്ചവും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നായിരുന്നു കമ്മീഷൻ വിലയിരുത്തിയത്. ഇതിനും പുതിയ സംവിധാനം പരിഹാരമാകുമെന്ന് കരുതുന്നു.