തിരുവനന്തപുരം : ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. ഇക്കാലയളവിൽ 39 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 22 രോഗികളും വട്ടിയൂർക്കാവിലാണ്. 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് 12 പേർ രണ്ടാഴ്ചയ്ക്കിടെ മരിച്ചു. വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, കല്ലറ, കൊല്ലയിൽ, തോണിപ്പാറ, മലയിൻകീഴ്, തൃക്കണ്ണാപുരം, പള്ളിക്കൽ, പെരിങ്ങമ്മല, മാണിക്കൽ, പുളിമാത്ത്, ചെട്ടിവിളാകം, അരുവിക്കര, ഇടവ, പൂന്തുറ, നെയ്യാറ്റിൻകര, പാൽക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി രോഗികളുള്ളത്.
ചിക്കുൻഗുനിയ പേരൂർക്കട, കാഞ്ഞിരംകുളം, മുദാക്കൽ, നെയ്യാറ്റിൻകര, ചാക്ക, നന്തൻകോട്, തൃക്കണ്ണാപുരം, ആമച്ചൽ, മുട്ടട, കള്ളിക്കാട്, വിളപ്പിൽ, പള്ളിച്ചൽ, നേമം എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. വാമനപുരം, മടവൂർ, ആറ്റിങ്ങൽ, വിളവൂർക്കൽ, വർക്കല, വെള്ളനാട്, പാങ്ങപ്പാറ തുടങ്ങിയ സ്ഥാലങ്ങളിലായി 29 പേർക്കാണ് എലിപ്പനി ബാധിച്ചത്. കുമാരപുരം, പാലോട്, കുറ്റിച്ചൽ എന്നിവിടങ്ങളിലായി മൂന്നുപേരാണ് എലിപ്പനിബാധിച്ച് മരിച്ചത്. മൂന്നുപേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ ചിക്കുൻഗുനിയ ബാധിച്ചും ഇൻഫ്‌ളുവൻസ ബാധിച്ച് രണ്ടുപേരും ആമീബിക് മസ്തിഷ്‌കജ്വരം, ചെള്ളുപനി എന്നിവ കാരണം ഓരോ രോഗികളും മരിച്ചു. വിളപ്പിലിലും ആമച്ചലിലുമാണ് ഇൻഫ്‌ളുവൻസ കാരണം മരണമുണ്ടായത്.
കൊതുകുജന്യരോഗ നിയന്ത്രണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. പല സ്ഥലത്തും തൊഴിലാളികളുടെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ഡ്രൈ ഡേ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങളൊന്നും ജില്ലയിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.































