തിരുവനന്തപുരം : സർക്കാരിന്റെ ഓണക്കിറ്റ് വിതരണം തുടക്കം മുതൽ തന്നെ നിരവധി വിമർശനങ്ങൾക്ക് വിധേയമായിരുന്നു. മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡുള്ളവർക്ക് മാത്രമായിരുന്നു കിറ്റ്. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റ് കൊടുത്തുതീർക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. റേഷൻ കടകളിലെ ഇ പോസ് മെഷീൻ കൂടി പണിമുടക്കിയതതോടെ സർക്കാരിന്റെ കിറ്റ് വിതരണം പൊളിഞ്ഞു. സർക്കാരിന്റെ കിറ്റ് വാങ്ങി ഓണമുണ്ണാന്‍ കാത്തിരുന്ന പലരും നിരാശരായി. മാവേലിത്തമ്പുരാന്‍ വന്നുപോയിട്ടും കേരളത്തിലെ തമ്പുരാന്‍മാര്‍ പ്രജകള്‍ക്കുള്ള ഓണസദ്യ കിറ്റ് നല്‍കിയില്ല. സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിനുമുമ്പ് വിതരണം ചെയ്തത് 5,06,636 പേർക്ക് മാത്രമാണ്. അതായത് 1,01,055 പേർക്കാണ് ഇനിയും കിറ്റ് ലഭിക്കാനുള്ളത്. ഇതിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പായതിനാൽ കോട്ടയത്തെ വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നീങ്ങിയത് ഉത്രാടത്തിന് രാത്രി ഏഴുമണിയോടെയായിരുന്നു. ഏതാണ്ട് രാത്രിയായതിനാൽ ജില്ലയിലെ 37,637 കിറ്റിൽ 500 എണ്ണം മാത്രമാണ് അന്ന് പുതുപ്പള്ളിയിൽ വിതരണം ചെയ്യാനായത്.
സംസ്ഥാനത്ത് 5,87,691 എ.എ.വൈ. കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 അന്തേവാസികൾക്കുമായിരുന്നു ഇത്തവണ അനുവദിച്ചത്. ഓണത്തിന് കിറ്റ് വിതരണം എന്ന് സർക്കാർ വലിയവായിൽ കൊട്ടിഘോഷിച്ചെങ്കിലും ഫലത്തിൽ തികച്ചും പരാജയമായിരുന്നു ഇത്. ഓണക്കിറ്റ് പ്രതീക്ഷിച്ചിരുന്നവർക്ക് ഈ കിറ്റ് ക്രിസ്തുമസിനെങ്കിലും ലഭിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഓണമാണെന്ന കാര്യം കാലേകൂട്ടി അറിഞ്ഞിട്ടും അപ്പോഴൊന്നും കിറ്റ് വിതരണത്തിൽ ഉത്സാഹമില്ലാതെ, അവസാന നാളുകളിൽ ജനങ്ങളെ ഉത്രാടപ്പാച്ചിലിനെക്കാൾ ധൃതിയിൽ ഓടിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എങ്ങും ഉയരുന്നത്. അതേസമയം കിറ്റ് വിതരണം ഫലപ്രദമായില്ല എന്ന് മനസിലാക്കി അത് തിരുത്തേണ്ടതിന് പകരം, സർക്കാരിനെ വിമർശിച്ച ചലച്ചിത്ര നടൻ ജയസൂര്യയെ തിരുത്തുന്ന തിരക്കിലാണ് മന്ത്രിമാരും പരിവാരങ്ങളും.