റാന്നി : തിരുവാഭരണ പാതയായ റാന്നി – ചെറുകോല്‍പുഴ റോഡിന്റെ പുനര്‍ നിര്‍മ്മാണം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡ് തകര്‍ച്ച നേരിടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതല്ലാതെ റോഡ് പൂര്‍ണ്ണമായി പുനര്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. കിഫ്ബി ഫണ്ടില്‍ നിന്നും റോഡ് പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പണം അനുവദിച്ചെങ്കിലും പാതയുടെ വീതി സംബന്ധിച്ച തര്‍ക്കമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുവാന്‍ കാരണം. ഒടുവില്‍ 10.50 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെങ്കിലും നിര്‍മ്മാണം നടന്നില്ല. 2024 ല്‍ 30 ലക്ഷം രൂപ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിരുന്നു. ഈ തുക ചെലവഴിച്ച് പേരൂച്ചാല്‍ വരെ മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
ഫണ്ടിന്റെ കുറവായിരുന്നു നിര്‍മ്മാണം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണം. റോഡ് പുനര്‍ നിര്‍മ്മിക്കാതെ വന്നതോടെ ഏറെക്കാലമായി കാല്‍നട യാത്രപോലും ദുരിതപൂര്‍ണ്ണമാണ്. റോഡിലെ കൊടും വളവുകയും അപകടഭീഷണിയാണ്. ഈ വളവുകള്‍ നിവര്‍ത്തി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ അപകടങ്ങള്‍ കുറയുകയുള്ളൂ. കെ.എസ്.ആര്‍.ടി.സി. യും സ്വകാര്യ ബസുകളുമെല്ലാം ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനയാത്രയും ഏറെ ദുഷ്കരമായി മാറിയിട്ടുണ്ട്. ശബരിമല മണ്ഡലകാലം ആരംഭിക്കുവാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മണ്ഡലകാലത്തും റോഡ് ഇതേ അവസ്ഥയില്‍ തന്നെ തുടരുമെന്ന് നിസംശയം പറയാം.






























